Monday, December 29, 2008

നിശബ്ദമായ ചിന്തകള്‍


അകന്നു പോകുന്ന പാതകള്‍
ബാക്കിവച്ചു പോകുന്ന
ചില ചലനങ്ങളുണ്ട്..

എപ്പൊഴും
തിരകളെപ്പോലെയത്
മടങ്ങിവരാറില്ല
തിരിച്ചെടുക്കാനാവാത്ത നല്‍കലുകളെ
ഉപേക്ഷിക്കലാവും അത്..

ചില കിളിപ്പാട്ടുകളില്ലേ,
എവിടെയാണോ,അവിടെ മാത്രം കേള്‍പ്പിച്ച്
ഒടുവില്‍,അദ്യശ്യമാക്കപ്പെട്ട്
ഉറവിടം മാത്രം പറിച്ചുനടപ്പെടുന്നത്

കാല്‍ക്കലഴുകുന്ന ഇലകള്‍പോലെയാവില്ല,
അകന്നുകൊണ്ടിരിക്കുന്ന
ചിറകടികള്‍ പോലെ,എപ്പൊഴും
സ്വയമേ ഉപേക്ഷിച്ചുകൊണ്ടിരിക്കും

എന്റെ നോട്ടങ്ങള്‍ തടുക്കപ്പെടുന്ന
ഓരോ വളവുകള്‍ക്കുമപ്പുറമാണ്
നിലാവില്‍ ഞാന്‍ മാത്രം കണ്ടിരുന്ന
ചില ഇടങ്ങള്‍..

മുള്‍ക്കാടുകള്‍ മറഞ്ഞ,
കാട്ടുറുമ്പുകള്‍ നിറഞ്ഞ,
പോറലുകളുണ്ട് എന്റെ പിറകില്‍
നക്ഷത്രങ്ങളേപ്പോലെ
ചില രാത്രികളില്‍ മാത്രം
പ്രത്യക്ഷപ്പെടുന്നവ...

ഒരു ഇലത്തുമ്പിയേയോ,
ഒരു ഓലേഞ്ഞാലിയേയോ
പോലായിരുന്നെങ്കില്‍..
വേണ്ടായിരുന്നു,ഇത്രയും നീളം
ഈ കണ്ണുകള്‍ക്ക്...

Sunday, October 5, 2008

തണുത്ത ഓര്‍മകള്‍...


അവള്‍,
ഒരു നുണക്കുഴിയുടെ പിണക്കത്തില്‍
എന്നില്‍ നിന്നും തിരികെ നടന്നു
ഒരിരുട്ടിലേക്ക്...

അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,
തൊട്ടാവാടിയുറങ്ങുന്ന,
തണുത്ത കാടിന്റെ
ദൂരേയുടെ ഉള്ളിലേക്ക്..

പുറത്ത്,
ശ്വാസം മുറിഞ്ഞ പകലുമായ്
ഒറ്റയ്ക്ക് ഞാന്‍..

അവള്‍
ഒരു പാട്ടുകാരിയായതിനാലാവണം
എന്നും
ഏകാന്തമായ ഒരീണം
ശ്യാമക്കിളിയാല്‍
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
ചിതലരിച്ച ചിറകുമായ്
ഒരു പൂമ്പാറ്റയാവുന്നത്
ഭയത്തോടെ ഒളിഞ്ഞിരിക്കുന്ന
മാന്‍പേടയാവുന്നത്
ചിറകുകള്‍ പറിച്ചെറിയപ്പെട്ട മയിലായ്
ഇരുളിലലിഞ്ഞ് ഒളിച്ചിരിക്കുന്നത്...

ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...

Saturday, October 4, 2008

വാര്‍ദ്ധക്യം


പൂവുകള്‍ പൊഴിയാതെ,
ഇലകളുതിരാതെ,
ശിഖരങ്ങളടരാതെ,
ശിരസ്സറുക്കപ്പെട്ട ഉടല്‍..

ഒഴുകിവന്ന പുഴ
കാല്‍ക്കലഴുകിയമര്‍ന്ന്
വേരുകളുടെ ഞരമ്പുകളോ‍രോന്നിലും
മണ്ണില്‍ കുതിര്‍ന്ന്..

കിളിപ്പാട്ടുകളോര്‍ത്ത്,
പുഴുക്കുത്തുകള്‍ മറന്ന്,
വെയില്‍
നിലാവ്
മഴ...

ആര്‍ക്കും വേണ്ടാത്ത
വേരുകള്‍ മാത്രം ബാക്കിവെച്ച്
ഇന്നിലേക്കവര്‍ നടന്നു പോയപ്പോള്‍,
ഇപ്പൊഴും പകലില്‍
രക്തമുണങ്ങിയ‍ ഉടലില്‍
ഉതിര്‍ന്നമര്‍ന്ന കണ്ണുകളുമായി
നിശബ്ദരായി നിങ്ങളെത്തിരയുന്നു...

ഒറ്റയ്ക്കിരിക്കുമ്പോള്‍ മാത്രം കാണുന്നത്..


പ്രണയത്തിന്റെ,
മഞ്ഞില്‍ പുതഞ്ഞ ഏകാന്തത..
പാതിവഴിയില്‍ മറയുന്ന
നീണ്ട വീഥി..
ഒന്നു പെയ്തൊഴിയാന്‍ കാക്കുന്ന
ഇരുണ്ട വാനം..

പൊഴിഞ്ഞഴുകിയ ഇലകള്‍ക്കുപകരം
ഒഴിഞ്ഞ ശിഖരങ്ങളില്‍,
തളിരിലകള്‍ നിറയുമോ,
ഈ പകലെങ്കിലും...

Sunday, September 21, 2008

അറിയാതെ..


ഇലകള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

ശിഖരങ്ങള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു...

മലയാളം


ഒരു ദേശം,
എന്റെ കാല്‍‍വെള്ളയിലെ
ചരല്‍പ്പശ പോലെ,ഓരോ അടിയിലും
എന്നെ ഞാനാക്കി നിര്‍ത്തും..

ഒരു ഭാഷ,
എന്റെ നിഴലിന്റെ കറുപ്പായി
രക്തത്തിന്റെ മണമോടെ
വിരലാഴങ്ങളുടെ പിറവിയായി..

ഒരു മനം,
ഓരോ‍ വെളിച്ചവും കുടിച്ച്
ഓരോ നനവും കൊടുത്ത്
ഒരായിരം ഇലകളിലൊന്നായ്
മറഞ്ഞു നില്‍ക്കാനുള്ളത്..

ഒരു സ്വരം,
വിപ്ലവത്തിന്റെ കനപ്പും
പ്രണയത്തിന്റെ നനുപ്പും
ഇടകലര്‍ന്നൊഴുകും
ഒരു കാട്ടരുവി പോലെ..

ഒരു മണ്ണ്,
ഒടുക്കംഎടുത്തതെല്ലാം തിരിച്ച്കൊടുത്ത്
കാല്‍ക്കലടര്‍ന്നഴുകി
വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കാനുള്ളത്..

ഒന്നില്‍..


ഇതുവരെയെഴുതാത്ത
ഒരു
തൂവല്‍ പേനയായിരുന്നു
എന്റെപ്രണയാഭ്യര്‍ത്ഥന...

ചുളിവുവീഴാത്ത
അഴുക്കു പുരളാത്ത
ഒരു
തൂവെള്ളക്കടലാസായിരുന്നു
അവളുടെ മറുപടി...