Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, October 5, 2008

തണുത്ത ഓര്‍മകള്‍...


അവള്‍,
ഒരു നുണക്കുഴിയുടെ പിണക്കത്തില്‍
എന്നില്‍ നിന്നും തിരികെ നടന്നു
ഒരിരുട്ടിലേക്ക്...

അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,
തൊട്ടാവാടിയുറങ്ങുന്ന,
തണുത്ത കാടിന്റെ
ദൂരേയുടെ ഉള്ളിലേക്ക്..

പുറത്ത്,
ശ്വാസം മുറിഞ്ഞ പകലുമായ്
ഒറ്റയ്ക്ക് ഞാന്‍..

അവള്‍
ഒരു പാട്ടുകാരിയായതിനാലാവണം
എന്നും
ഏകാന്തമായ ഒരീണം
ശ്യാമക്കിളിയാല്‍
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
ചിതലരിച്ച ചിറകുമായ്
ഒരു പൂമ്പാറ്റയാവുന്നത്
ഭയത്തോടെ ഒളിഞ്ഞിരിക്കുന്ന
മാന്‍പേടയാവുന്നത്
ചിറകുകള്‍ പറിച്ചെറിയപ്പെട്ട മയിലായ്
ഇരുളിലലിഞ്ഞ് ഒളിച്ചിരിക്കുന്നത്...

ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...

Saturday, October 4, 2008

വാര്‍ദ്ധക്യം


പൂവുകള്‍ പൊഴിയാതെ,
ഇലകളുതിരാതെ,
ശിഖരങ്ങളടരാതെ,
ശിരസ്സറുക്കപ്പെട്ട ഉടല്‍..

ഒഴുകിവന്ന പുഴ
കാല്‍ക്കലഴുകിയമര്‍ന്ന്
വേരുകളുടെ ഞരമ്പുകളോ‍രോന്നിലും
മണ്ണില്‍ കുതിര്‍ന്ന്..

കിളിപ്പാട്ടുകളോര്‍ത്ത്,
പുഴുക്കുത്തുകള്‍ മറന്ന്,
വെയില്‍
നിലാവ്
മഴ...

ആര്‍ക്കും വേണ്ടാത്ത
വേരുകള്‍ മാത്രം ബാക്കിവെച്ച്
ഇന്നിലേക്കവര്‍ നടന്നു പോയപ്പോള്‍,
ഇപ്പൊഴും പകലില്‍
രക്തമുണങ്ങിയ‍ ഉടലില്‍
ഉതിര്‍ന്നമര്‍ന്ന കണ്ണുകളുമായി
നിശബ്ദരായി നിങ്ങളെത്തിരയുന്നു...

Sunday, September 21, 2008

അറിയാതെ..


ഇലകള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

ശിഖരങ്ങള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു...

മലയാളം


ഒരു ദേശം,
എന്റെ കാല്‍‍വെള്ളയിലെ
ചരല്‍പ്പശ പോലെ,ഓരോ അടിയിലും
എന്നെ ഞാനാക്കി നിര്‍ത്തും..

ഒരു ഭാഷ,
എന്റെ നിഴലിന്റെ കറുപ്പായി
രക്തത്തിന്റെ മണമോടെ
വിരലാഴങ്ങളുടെ പിറവിയായി..

ഒരു മനം,
ഓരോ‍ വെളിച്ചവും കുടിച്ച്
ഓരോ നനവും കൊടുത്ത്
ഒരായിരം ഇലകളിലൊന്നായ്
മറഞ്ഞു നില്‍ക്കാനുള്ളത്..

ഒരു സ്വരം,
വിപ്ലവത്തിന്റെ കനപ്പും
പ്രണയത്തിന്റെ നനുപ്പും
ഇടകലര്‍ന്നൊഴുകും
ഒരു കാട്ടരുവി പോലെ..

ഒരു മണ്ണ്,
ഒടുക്കംഎടുത്തതെല്ലാം തിരിച്ച്കൊടുത്ത്
കാല്‍ക്കലടര്‍ന്നഴുകി
വീണ്ടും വീണ്ടും പുനര്‍ജ്ജനിക്കാനുള്ളത്..

ഒന്നില്‍..


ഇതുവരെയെഴുതാത്ത
ഒരു
തൂവല്‍ പേനയായിരുന്നു
എന്റെപ്രണയാഭ്യര്‍ത്ഥന...

ചുളിവുവീഴാത്ത
അഴുക്കു പുരളാത്ത
ഒരു
തൂവെള്ളക്കടലാസായിരുന്നു
അവളുടെ മറുപടി...