Monday, April 20, 2009

പാതിവഴികള്‍...


ഒരു
പച്ചിലയടര്‍ന്ന ഗന്ധമാണ്
അവിടമാകെ..

ചിതറിപ്പോയ ഒച്ചകള്‍പോലെ,
പാറിനടക്കുന്നുണ്ടാവും
കുറേ പാദങ്ങള്‍
നിരതെറ്റിയൊഴുകുന്ന ഉറുമ്പുകളേപ്പോലെ
അലക്ഷ്യമായ് വിതറിയ
കുറേ കണ്ണുകളോടെ..

കാക്കകളുടെ ചിറകടിമണം
പഴുത്ത്,
കാതുകളെ കീറിപ്പറിക്കും

കത്തിത്തീരേണ്ട ശ്വാസങ്ങളെ ഓര്‍മ്മപ്പെടുത്തി,
വെറുതേയെങ്കിലും
ഒന്നു കിതച്ചുപോകും

നിശബ്ദതകളില്‍ എരിഞ്ഞുപൊട്ടുന്ന
പുകക്കൂട്ടങ്ങളുടെ നേര്‍ത്ത
ആകാശനോട്ടങ്ങള്‍...

കോലായ്ക്കലെ ഒരു കോണില്‍
ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
മുറ്റത്തുനിന്നും റോഡിലേക്കുള്ള
നീണ്ട ഒറ്റയടിപ്പാത കാണാം..

രാത്രിയിലഴിച്ചുവച്ച തേഞ്ഞുതീരാത്ത,
രണ്ടു ചെരുപ്പുകളുണ്ടിപ്പൊഴും
ആ മുറ്റത്തിങ്ങനെ.....

Sunday, March 8, 2009

ഉള്ളിലൊളിച്ചുവച്ച ഒരു പുതുമഴത്തുള്ളി..


ഓര്‍മയുണ്ടോയെന്നറിയില്ല,
ഒരു സ്കൂള്‍ യാത്രയില്‍ നാം
വാഴയിലക്കീഴില്‍ മിന്നല്‍മഴനനഞ്ഞ്
ഒറ്റയടിപ്പാതകള്‍ പിന്നിട്ടത്..

നിന്റെ നോട്ടുപുസ്തകത്തിലുള്ളതിനേക്കാള്‍
രസങ്ങള്‍
ഞാന്‍ വാരിവിതറിയിട്ടത്..

എന്റെ നോട്ടങ്ങളെ നീ
പതുക്കെ
ഉപ്പിലച്ചപ്പില്‍ പൊതിഞ്ഞെടുത്തത്..

നിന്റെ മുഖമേ ഞാന്‍
തുപ്പല്‍ പൊട്ടാസുകള്‍
എറിഞ്ഞുടച്ചത്..

എന്റെ സ്ലേറ്റുപെന്‍സിലുകളെ
തുടച്ചെടുത്ത
നിന്റെ മഷിത്തണ്ടുകളെ..

ലീലടീച്ചര്‍ക്ക് നമ്മള്‍ നല്‍കാറുള്ള
കൊട്ടാരത്തും വളപ്പിലെ
ഇളംപച്ച മുളന്തണ്ടുകളെ..

ഇടവഴിയിലെ ഒട്ടുമാവിന്‍പൊത്തില്‍
നമ്മള്‍ ശേഖരിച്ചുവച്ച
മഞ്ചാടിക്കൂട്ടങ്ങളെ..

ഇപ്പോഴുമുണ്ടാകും,
നൈന്‍ത്ത് ‘ബി’യിലെ മുന്‍ബഞ്ചില്‍
നീയറിയാതെ ഞാനൊളിപ്പിച്ച
രണ്ടക്ഷരങ്ങള്‍...

Monday, December 29, 2008

നിശബ്ദമായ ചിന്തകള്‍


അകന്നു പോകുന്ന പാതകള്‍
ബാക്കിവച്ചു പോകുന്ന
ചില ചലനങ്ങളുണ്ട്..

എപ്പൊഴും
തിരകളെപ്പോലെയത്
മടങ്ങിവരാറില്ല
തിരിച്ചെടുക്കാനാവാത്ത നല്‍കലുകളെ
ഉപേക്ഷിക്കലാവും അത്..

ചില കിളിപ്പാട്ടുകളില്ലേ,
എവിടെയാണോ,അവിടെ മാത്രം കേള്‍പ്പിച്ച്
ഒടുവില്‍,അദ്യശ്യമാക്കപ്പെട്ട്
ഉറവിടം മാത്രം പറിച്ചുനടപ്പെടുന്നത്

കാല്‍ക്കലഴുകുന്ന ഇലകള്‍പോലെയാവില്ല,
അകന്നുകൊണ്ടിരിക്കുന്ന
ചിറകടികള്‍ പോലെ,എപ്പൊഴും
സ്വയമേ ഉപേക്ഷിച്ചുകൊണ്ടിരിക്കും

എന്റെ നോട്ടങ്ങള്‍ തടുക്കപ്പെടുന്ന
ഓരോ വളവുകള്‍ക്കുമപ്പുറമാണ്
നിലാവില്‍ ഞാന്‍ മാത്രം കണ്ടിരുന്ന
ചില ഇടങ്ങള്‍..

മുള്‍ക്കാടുകള്‍ മറഞ്ഞ,
കാട്ടുറുമ്പുകള്‍ നിറഞ്ഞ,
പോറലുകളുണ്ട് എന്റെ പിറകില്‍
നക്ഷത്രങ്ങളേപ്പോലെ
ചില രാത്രികളില്‍ മാത്രം
പ്രത്യക്ഷപ്പെടുന്നവ...

ഒരു ഇലത്തുമ്പിയേയോ,
ഒരു ഓലേഞ്ഞാലിയേയോ
പോലായിരുന്നെങ്കില്‍..
വേണ്ടായിരുന്നു,ഇത്രയും നീളം
ഈ കണ്ണുകള്‍ക്ക്...

Sunday, October 5, 2008

തണുത്ത ഓര്‍മകള്‍...


അവള്‍,
ഒരു നുണക്കുഴിയുടെ പിണക്കത്തില്‍
എന്നില്‍ നിന്നും തിരികെ നടന്നു
ഒരിരുട്ടിലേക്ക്...

അപ്പൂപ്പന്‍താടിത്തൂവല്‍ നിറഞ്ഞ,
തൊട്ടാവാടിയുറങ്ങുന്ന,
തണുത്ത കാടിന്റെ
ദൂരേയുടെ ഉള്ളിലേക്ക്..

പുറത്ത്,
ശ്വാസം മുറിഞ്ഞ പകലുമായ്
ഒറ്റയ്ക്ക് ഞാന്‍..

അവള്‍
ഒരു പാട്ടുകാരിയായതിനാലാവണം
എന്നും
ഏകാന്തമായ ഒരീണം
ശ്യാമക്കിളിയാല്‍
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
ചിതലരിച്ച ചിറകുമായ്
ഒരു പൂമ്പാറ്റയാവുന്നത്
ഭയത്തോടെ ഒളിഞ്ഞിരിക്കുന്ന
മാന്‍പേടയാവുന്നത്
ചിറകുകള്‍ പറിച്ചെറിയപ്പെട്ട മയിലായ്
ഇരുളിലലിഞ്ഞ് ഒളിച്ചിരിക്കുന്നത്...

ഇന്നും,
എപ്പോഴുമെന്റെ സന്ധ്യയില്‍
തൊഴുതുനില്‍ക്കുന്ന
ഒരു പുല്‍ച്ചാടി പറന്നുവരും
എന്തോ നിശബ്ദം പറഞ്ഞ്കൊണ്ട്...

Saturday, October 4, 2008

വാര്‍ദ്ധക്യം


പൂവുകള്‍ പൊഴിയാതെ,
ഇലകളുതിരാതെ,
ശിഖരങ്ങളടരാതെ,
ശിരസ്സറുക്കപ്പെട്ട ഉടല്‍..

ഒഴുകിവന്ന പുഴ
കാല്‍ക്കലഴുകിയമര്‍ന്ന്
വേരുകളുടെ ഞരമ്പുകളോ‍രോന്നിലും
മണ്ണില്‍ കുതിര്‍ന്ന്..

കിളിപ്പാട്ടുകളോര്‍ത്ത്,
പുഴുക്കുത്തുകള്‍ മറന്ന്,
വെയില്‍
നിലാവ്
മഴ...

ആര്‍ക്കും വേണ്ടാത്ത
വേരുകള്‍ മാത്രം ബാക്കിവെച്ച്
ഇന്നിലേക്കവര്‍ നടന്നു പോയപ്പോള്‍,
ഇപ്പൊഴും പകലില്‍
രക്തമുണങ്ങിയ‍ ഉടലില്‍
ഉതിര്‍ന്നമര്‍ന്ന കണ്ണുകളുമായി
നിശബ്ദരായി നിങ്ങളെത്തിരയുന്നു...

ഒറ്റയ്ക്കിരിക്കുമ്പോള്‍ മാത്രം കാണുന്നത്..


പ്രണയത്തിന്റെ,
മഞ്ഞില്‍ പുതഞ്ഞ ഏകാന്തത..
പാതിവഴിയില്‍ മറയുന്ന
നീണ്ട വീഥി..
ഒന്നു പെയ്തൊഴിയാന്‍ കാക്കുന്ന
ഇരുണ്ട വാനം..

പൊഴിഞ്ഞഴുകിയ ഇലകള്‍ക്കുപകരം
ഒഴിഞ്ഞ ശിഖരങ്ങളില്‍,
തളിരിലകള്‍ നിറയുമോ,
ഈ പകലെങ്കിലും...

Sunday, September 21, 2008

അറിയാതെ..


ഇലകള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

ശിഖരങ്ങള്‍
‍പരസ്പരം ചോദിച്ചു,
എന്തിനു വേണ്ടി നാമിങ്ങനെ..

അപ്പൊഴും,
ഒന്നുമറിയാത്ത വേരുകള്‍
‍ആഴം തേടിക്കൊണ്ടിരുന്നു...