
ഓര്‍മയുണ്ടോയെന്നറിയില്ല,
ഒരു സ്കൂള്‍ യാത്രയില്‍ നാം
വാഴയിലക്കീഴില്‍ മിന്നല്‍മഴനനഞ്ഞ്
ഒറ്റയടിപ്പാതകള്‍ പിന്നിട്ടത്..
നിന്റെ നോട്ടുപുസ്തകത്തിലുള്ളതിനേക്കാള്‍
രസങ്ങള്‍
ഞാന്‍ വാരിവിതറിയിട്ടത്..
എന്റെ നോട്ടങ്ങളെ നീ
പതുക്കെ
ഉപ്പിലച്ചപ്പില്‍ പൊതിഞ്ഞെടുത്തത്..
നിന്റെ മുഖമേ ഞാന്‍
തുപ്പല്‍ പൊട്ടാസുകള്‍
എറിഞ്ഞുടച്ചത്..
എന്റെ സ്ലേറ്റുപെന്‍സിലുകളെ
തുടച്ചെടുത്ത
നിന്റെ മഷിത്തണ്ടുകളെ..
ലീലടീച്ചര്‍ക്ക് നമ്മള്‍ നല്‍കാറുള്ള
കൊട്ടാരത്തും വളപ്പിലെ
ഇളംപച്ച മുളന്തണ്ടുകളെ..
ഇടവഴിയിലെ ഒട്ടുമാവിന്‍പൊത്തില്‍
നമ്മള്‍ ശേഖരിച്ചുവച്ച
മഞ്ചാടിക്കൂട്ടങ്ങളെ..
ഇപ്പോഴുമുണ്ടാകും,
നൈന്‍ത്ത് ‘ബി’യിലെ മുന്‍ബഞ്ചില്‍
നീയറിയാതെ ഞാനൊളിപ്പിച്ച
രണ്ടക്ഷരങ്ങള്‍...