Monday, April 20, 2009

പാതിവഴികള്‍...


ഒരു
പച്ചിലയടര്‍ന്ന ഗന്ധമാണ്
അവിടമാകെ..

ചിതറിപ്പോയ ഒച്ചകള്‍പോലെ,
പാറിനടക്കുന്നുണ്ടാവും
കുറേ പാദങ്ങള്‍
നിരതെറ്റിയൊഴുകുന്ന ഉറുമ്പുകളേപ്പോലെ
അലക്ഷ്യമായ് വിതറിയ
കുറേ കണ്ണുകളോടെ..

കാക്കകളുടെ ചിറകടിമണം
പഴുത്ത്,
കാതുകളെ കീറിപ്പറിക്കും

കത്തിത്തീരേണ്ട ശ്വാസങ്ങളെ ഓര്‍മ്മപ്പെടുത്തി,
വെറുതേയെങ്കിലും
ഒന്നു കിതച്ചുപോകും

നിശബ്ദതകളില്‍ എരിഞ്ഞുപൊട്ടുന്ന
പുകക്കൂട്ടങ്ങളുടെ നേര്‍ത്ത
ആകാശനോട്ടങ്ങള്‍...

കോലായ്ക്കലെ ഒരു കോണില്‍
ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍
മുറ്റത്തുനിന്നും റോഡിലേക്കുള്ള
നീണ്ട ഒറ്റയടിപ്പാത കാണാം..

രാത്രിയിലഴിച്ചുവച്ച തേഞ്ഞുതീരാത്ത,
രണ്ടു ചെരുപ്പുകളുണ്ടിപ്പൊഴും
ആ മുറ്റത്തിങ്ങനെ.....